ഇടത് സ്വതന്ത്ര എം.എല്‍.എയുടെ തടയണ പൊളിക്കാന്‍ കോടതി ഉത്തരവ് . .

PV Anwar

കൊച്ചി: കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ പി.വി അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണയിലെ ജലം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി. തടയണ തുറന്നുവിടാനായി മലപ്പുറം കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കകം ജലം ഒഴുക്കി കളയാനാണ് നിര്‍ദേശം. മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും കോടതി നിര്‍ദേശം നല്‍കി. തടയണ ഭീഷണിയാണെന്ന് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണ പൊളിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യാതൊരു അനുമതിയുമില്ലാതെയാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

2017 മെയ് 18ന് നിലമ്പൂര്‍ സ്വദേശി എം.പി വിനോദാണ് ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണക്കുകുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിക്കുന്നതായി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവിയില്‍ കെട്ടിയ തടയണപൊളിക്കാന്‍ 2015ല്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. പി.വി അന്‍വര്‍ വില്‍പനക്കരാര്‍ വഴി സ്ഥലം കൈവശപ്പെടുത്തിയാണ് മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയത്. ഇത് പൊളിക്കാനുള്ള നടപടിയുണ്ടായപ്പോള്‍ സ്ഥലം ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്റെ പേരിലേക്ക് 2016ല്‍ മാറ്റി. തുടര്‍ന്ന് റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പഞ്ചായത്തില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങിയശേഷം റോപ് വേ പണിയുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാതിരുന്നപ്പോള്‍ 2017 ആഗസ്റ്റ് മൂന്നിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിനു പരാതി നല്‍കി. ഈ പരാതിയിലാണ് മന്ത്രി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അനധികൃതമായി നിര്‍മ്മിച്ച ബണ്ട്, കോണ്‍ക്രീറ്റ് പില്ലര്‍, റോപ് വേക്കുവേണ്ടിയുള്ള സ്ട്രക്ചര്‍ എന്നിവ പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി സി.കെ അബ്ദുല്‍ലത്തീഫ് രജിസ്ട്രര്‍ നോട്ടീസ് നല്‍കി. കൈപ്പറ്റാതെ തിരികെ വന്നപ്പോള്‍ സ്ഥലത്ത് നോട്ടീസ് പതിച്ചു.എന്നിട്ടും റോപ് വേ പൊളിക്കാതിരുന്നപ്പോള്‍ 16122017ന് ഒരു നോട്ടീസുകൂടി രജിസ്റ്റര്‍ ചെയ്ത് അയച്ചു. ഈ നോട്ടീസ് മേല്‍വിലാസക്കാരനെ അറിയില്ല എന്ന കുറിപ്പോടെ 312018ന് തിരികെ ലഭിച്ചു.

അതേ സമയം സി.കെ അബ്ദുല്‍ലത്തീഫ് 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ ഇറക്കിയ തടയണപൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഇതേ മേല്‍വിലാസംവച്ച് ഡിസംബര്‍ 15ന് ഹൈക്കോടതിയെ സമീപിച്ചു. തടയണപൊളിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബര്‍ 20തിന് സ്‌റ്റേ ഉത്തരവിറക്കി. ഏഴു മാസം കഴിഞ്ഞിട്ടും സ്‌റ്റേ ഉത്തരവ് നീക്കി മലപ്പുറം കളക്ടറുടെ ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. ഒടുവില്‍ പരാതിക്കാരന്‍ തന്നെ കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

പി.വി അന്‍വര്‍ എം.എല്‍.എയും രണ്ടാം ഭാര്യ ഹഫ്‌സത്തും പാര്‍ടണര്‍മാരായാണ് കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് പണിതത്. ഭാര്യാ പിതാവായ അബ്ദുല്‍ലത്തീഫിന്റെ മേല്‍വിലാസത്തിലെ താമസക്കാരനായി കാണിച്ചാണ് പാര്‍്ക്കിന്റെ താല്‍ക്കാലിക ലൈസന്‍സ് നേടിയത്.

Top