പാലാരിവട്ടം മേല്‍പ്പാലം തല്‍ക്കാലം പൊളിക്കരുത്; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തു. എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി കഴിഞ്ഞ മാസം വിലക്കിയിരുന്നു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇത് പഠിച്ച് പത്രിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ലോഡ്ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഇതു സംബന്ധിച്ച് രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദേശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Top