വ്‌ലോഗര്‍മാരുടെ നെഗറ്റിവ് റിവ്യൂ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: സിനിമയുടെ റിലീസ് ദിവസം തിയറ്ററുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ നടത്തുന്ന നെഗറ്റിവ് റിവ്യൂകള്‍ക്കെതിരെ ഹൈകോടതിയില്‍ ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി.

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫാണ് ഹരജി നല്‍കിയത്. വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. ശ്യാം പത്മനെ അമിക്കസ് കൂറിയായും നിയമിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വ്‌ലോഗര്‍മാര്‍ സിനിമ കാണാതെയാണ് നെഗറ്റിവ് റിവ്യു നല്‍കുന്നതെന്നും ഇത് സിനിമയുടെ വിജയത്തെ ബാധിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ചിലര്‍ പണം ആവശ്യപ്പെട്ട് നിര്‍മാതാക്കളെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. സി.ആര്‍. രഖേഷ് ശര്‍മ ഹാജരായി. ഹര്‍ജി വീണ്ടും ഇന്നു പരിഗണിക്കും.

Top