കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു കൃത്യമായ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഉണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്തെ കൂട്ടസ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷ്ണു സുനില്‍ പന്തളം എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി ഉദ്യോഗാർത്ഥികൾ അവസരം കാത്തിരിക്കുമ്പോൾ ഇത്തരം പിൻവാതിൽ നിയമനങ്ങൾ സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ജീവിതത്തെ തന്നെയാണ് തകർക്കുന്നതെന്ന് ഹർജിയിൽ യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കെൽട്രോൺ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ ചട്ടങ്ങളെന്തൊക്കെ എന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞത്. നേരത്തേ കേരള ബാങ്കിലെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.