സമീപകാലത്തെ പി.എസ്.സി നിയമനങ്ങള്‍ അന്വേഷിക്കണം; ഉത്തരവിട്ട് ഹൈക്കോടതി

highcourt

കൊച്ചി: പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ ഹൈക്കോടതി ഇടപെടുന്നു. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ ഇടപെടല്‍ വേണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

പി എസ് സിയിലൂടെ അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്നും നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമെന്നും കോടതി പറഞ്ഞു.

സമീപ കാലത്തെ എല്ലാ പി എസ് സി നിയമനങ്ങളും അന്വേഷിക്കണമെന്നും എങ്കിലേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഇതു വരെയുള്ള പരീക്ഷകളില്‍ വിപുലമായ അന്വേഷണം വേണെമന്നും കോടതി നിര്‍ദ്ദേശിച്ചു.

പിഎസ് സി പരീക്ഷാ തട്ടിപ്പിലെ നാലാംപ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞു കൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പത്ത് ദിവസത്തിനുള്ളില്‍ പ്രതി കീഴടങ്ങണമെന്നും കോടതി അറിയിച്ചു.

പി.എസ്.സി പരീക്ഷാത്തട്ടിപ്പില്‍ മുന്‍ എസ്എഫ്ഐ നേതാക്കള്‍ കുറ്റം സമ്മതിച്ചിരുന്നു. 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരം നല്‍കിയത് ഫോണില്‍ വന്ന എസ്എംഎസ് നോക്കിയാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

പിഎസ് സി നടത്തിയ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

തുടര്‍ന്ന്, പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികള്‍ രണ്ടു പേരും യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്നു. പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ക്രെംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.

Top