സ്വകാര്യ ബസ്സുകളില്‍ സുരക്ഷാ ക്യാമറ നിര്‍ബന്ധമാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ്സുകളില്‍ സുരക്ഷാ ക്യാമറ നിര്‍ബന്ധമാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറാണ് കോടതി സ്റ്റേ ചെയ്തത്. ഈ മാസം ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശത്തിനാണ് സ്റ്റേ. സ്വകാര്യ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേന്ദ്ര നിയമത്തിന് വിരുദ്ധമായാണ് സര്‍ക്കുലര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്റ്റേ അനുവദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സംസ്ഥാനത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു കോടതി വിലയിരുത്തല്‍.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി 28-ന് മുന്‍പ് ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം പല ഘട്ടങ്ങളില്‍ മാറ്റിയതിന് ശേഷമാണ് നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബസില്‍നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ടു ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top