തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കാര്യമാക്കുന്നില്ലെന്നും പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകില്ലെന്നുമാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വ്വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ എംഡിയുടെ പരിഷ്‌കാരങ്ങളിലുള്ള ഭരണപ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്റെ പ്രധാന കാരണമെന്നാണ് സൂചന.