പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

kerala-high-court

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍ സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്, സാജന്‍ ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്.

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Top