അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; കെ.എം ഷാജി ഹര്‍ജി നല്‍കി

km shaji

കൊച്ചി: അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കെ.എം ഷാജി ഹര്‍ജി നല്‍കി. ഹൈക്കോടതി അല്‍പ സമയത്തിനകം ഹര്‍ജി പരിഗണിക്കും.

ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ സ്റ്റേ നല്‍കണമെന്നാണ് ആവശ്യം.

അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കെ.എം ഷാജി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെഎം ഷാജി പറഞ്ഞു.

ആറു വര്‍ഷത്തേയ്ക്കാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷിന് 50000 രുപ കോടതി ചെലവ് നല്‍കണമെന്നും കോടതി അറിയിച്ചിരുന്നു.

എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. മുസ്ലീം ലീഗ് എംഎല്‍എ ആയിരുന്നു കെ.എം ഷാജി. അയോഗ്യനാക്കിയ നിമിഷം മുതല്‍ ഷാജിയ്ക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല.

Top