തിരുവനന്തപുരം : എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് റദ്ദാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
കീഴ്‌ക്കോടതി വിധി റദ്ദാക്കിയ കേസില്‍ നിയമനടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ മാസം 8ന് കേസ് പരിഗണിക്കും.
കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരുന്നത്.
കേസില്‍ കുറ്റവിമുക്തനായ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നാണ് സൂചന.