കൊച്ചി: ചെറുതോണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ക്കാണ് നിരോദനം ഏര്‍പ്പെടുത്തിയത്. നിര്‍മാണ നിരോധനമുള്ള മേഖലകളില്‍ കെട്ടിടം പണിയുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ചെറുതോണി മുതല്‍ നേര്യമംഗലം വരെയുള്ള 234 ഹെക്ടര്‍ പ്രദേശം നിര്‍മാണ നിരോധിത മേഖലയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച് മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഈ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നു. പ്രളയം ഒഴിഞ്ഞതോടെ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുകയാണ്.
നിരോധനം നിലവിലിരിക്കെ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് മാനദണ്ഡം അനുസരിച്ചാണ് ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. വിഷയം പഠിക്കാന്‍ അമിക്കസ്‌ക്യൂരിയെ ഹൈക്കോടതി നിയമിച്ചു. ഹര്‍ജി ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കും.