പോക്സോ ഇരകള്‍ക്ക് കെയര്‍ഹോമുകളില്‍ പരിചരണം നല്‍കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണം: ഹൈക്കോടതി

കൊച്ചി: പോക്സോ കേസുകളില്‍ ഇരകളായ കുട്ടികള്‍ക്ക് സ്‌കൂളിലും കെയര്‍ഹോമുകളിലും പരിചരണം നല്‍കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ സെക്രട്ടറിമാര്‍ കൂടിയാലോചിച്ച് ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കണം. സ്റ്റേറ്റ് സിലബസ് പിന്തുടരാത്ത സ്വകാര്യ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 19കാരന് ഉപാധികളോടെ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

പീഡനത്തിനിരയായ കുട്ടികളെ സ്‌കൂളുകളില്‍ പരിചരിക്കുന്നതിന് അധ്യാപകര്‍ക്കും കെയര്‍ഹോമുകളിലെ സ്റ്റാഫുകള്‍ക്കുമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി, കെല്‍സയുടെ വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്നിവരുമായി കൂടിയാലോചിച്ച് മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കണം. ഇത്തരം കുട്ടികളെ സ്‌കൂളില്‍ തിരിച്ചറിയുന്നില്ലെന്നും മറ്റു കുട്ടികളില്‍ നിന്ന് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്നും ഉറപ്പാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. പോക്സോ കേസുകളിലെ പ്രതികള്‍ക്ക് മനശാസ്ത്രപരമായ ചികിത്സ നല്‍കാന്‍ ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുമായി കൂടിയാലോചിച്ച് കെല്‍സ വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി തയാറാക്കണം. ജയില്‍ ഡിജിപിയുടെ സഹകരണത്തോടെ പദ്ധതി സംസ്ഥാനത്തെ ജയിലുകളില്‍ നടപ്പാക്കണം. കുറ്റകൃത്യം ചെയ്യാനുള്ള സഹജവാസന ഒരു പരിധിവരെ കുറക്കാന്‍ ഇതിലൂടെ കഴിയുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Top