പുതിയ പാര്‍ട്ടി ആലോചനയിൽ; ആലോചന യോഗം വിളിച്ച് പി.ജെ. ജോസഫ്

തിരുവനന്തപുരം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയ ഹൈക്കോടതി വിധിയെ തുടർന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ആലോചനയിൽ ജോസഫ് ഗ്രൂപ്പ്. കേരളാ കോണ്‍ഗ്രസ് – (ജെ), കേരളാ കോണ്‍ഗ്രസ് (എം -ജെ) എന്നീ പേരുകളാണ് പുതിയ പാർട്ടി പരിഗണനയിലുള്ളത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും തീരുമാനം.

ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ജെ. ജോസഫ് ആലോചന യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. ഓഗസ്റ്റ് 24 ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങള്‍ പരസ്പരം നല്‍കിയ പരാതികളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കര്‍ നേരത്തെ കേട്ടിരുന്നു. വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.

Top