നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷയും ഉള്‍പ്പെടുത്തി . കാവ്യ മാധവന്റെ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും.

പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയില്‍ കഴിഞ്ഞ ദിവസമാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു.

നീണ്ട ആറ് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്.തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും അത് താന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

താനും ദിലീപും നിരപരാധികളാണെന്നും, കോടതിയില്‍ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.

Top