പ്ലസ് വണ്‍ പ്രവേശനം; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹർജി പരിഗണിക്കുക. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നൽകി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കോടതി ഇന്ന് ഉത്തരവ് ഇറക്കുമെന്നാണ് സൂചന. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിർദ്ദേശങ്ങൾ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവർത്തി ദിനങ്ങൾ പൂർണമാക്കാൻ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവർത്തി ദിനം ആക്കിയാൽ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങൾ തമ്മിൽ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സമയം നീട്ടി നൽകിയില്ലെങ്കിൽ തങ്ങൾക്ക് തുടർപഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികൾ പറയുന്നത്.

അതിനിടെ 2022-2023 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ സ്വന്തം ഇ-മെയിൽ ഐഡിയിൽ നിന്നും sportsidukki21@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയച്ചു നൽകണം. അഡ്മിഷന് 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമെ പരിഗണിക്കൂ.

Top