ടി ഒ സൂരജ് സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാര പരിശോധനയക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിയ്ക്കാവു എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൂരജ് ആദ്യം നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നത്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി കഴിഞ്ഞ മാസം വിലക്കിയിരുന്നു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇത് പഠിച്ച് പത്രിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ലോഡ്‌ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഇതു സംബന്ധിച്ച് രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദേശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.

Top