‘ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും’; നാടക വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി

കൊച്ചി : ദേശീയ ഐക്യത്തിന്റെ സന്ദേശം നൽകുന്നതും ദേശീയോദ്ഗ്രഥനത്തിന്റെ അടിസ്ഥാനത്തിലുള്ളതും ആയിരിക്കണം പരിപാടികൾ എന്ന നിര്‍ദേശം ലംഘിച്ചതിനു ജീവനക്കാർക്കെതിരെ നടപടി എന്ന് ഹൈക്കോടതി. റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി അധികൃതർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിനു പിന്നാലെ അസി. റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് റജിസ്ട്രാറെ ചുമതലപ്പെടുത്തി.

ഇന്ന് പുറത്തിക്കിയ വാര്‍ത്താക്കുറിപ്പിലാണ് സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചതിന്റെ കാരണങ്ങൾ വിശദമാക്കിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള പരിപാടികളുടെ ചുമതലക്കാരായ കമ്മിറ്റി പരിപാടികൾ അവതരിപ്പിക്കുന്നവർക്കു കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ദേശീയോദ്ഗ്രഥനത്തെ അടിസ്ഥാനമാക്കിയുള്ളതും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതുമായിരിക്കണം പരിപാടികൾ എന്നായിരുന്നു ഇത്. ഇക്കാര്യങ്ങളുടെ സത്ത ഉൾക്കൊണ്ടു കൊണ്ടായിരിക്കണം പരിപാടികൾ എന്നും കമ്മിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിര്‍ദേശങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടി എന്നു വ്യക്തമായി. ഈ നാടകത്തിൽ പങ്കെടുത്തവർക്കെതിരായ അച്ചടക്കനടപടികൾ തുടങ്ങിയതായും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജീവനക്കാരാണ് ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകം അവതരിപ്പിച്ചത്. പിന്നാലെ ഇത് പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രാലയം എന്നിവർക്ക് ബിജെപി ഐടി സെല്ലും ഭാരതീയ അഭിഭാഷക പരിഷത്ത് എന്ന സംഘടനയും പരാതി നൽകിയിരുന്നു.

Top