ഷുഹൈബ് വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

shuhaib1

കൊച്ചി: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കൊല്ലാന്‍ ഉപയോഗിച്ച ആയുധം എന്ത് കൊണ്ട് കണ്ടെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് കോടതിയുടെ മുന്നിലുള്ളത്. അത് സര്‍ക്കാര്‍ കണ്ടില്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി

ഷുഹൈബിന്റെ വെട്ടേറ്റ ചിത്രങ്ങളില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ചിത്രമുയർത്തിപ്പിടിച്ച ഹൈക്കോടതി ജഡ്ജി ഇത്തരത്തിൽ ഒരാളെ കൊല്ലാമോ എന്നും സർക്കാർ അഭിഭാഷകനോട് ചോദിച്ചു. പൊലീസിനകത്ത് ചാരന്‍മാര്‍ ഉണ്ടെന്ന കണ്ണൂര്‍ എസ്.പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാട്ടി.

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയില്‍ നിന്ന് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്.

അതേസമയം സര്‍ക്കാരിന്റെയും സിബിഐയുടെയും വിശദീകരണത്തിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്.പി റസിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Top