കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടല്‍. ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. രണ്ട് മണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ദര്‍ശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കണം. ഓണ്‍ലൈന്‍ ബുക്കിങ്, സ്പോര്‍ട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണം. ഓണ്‍ലൈന്‍ വഴി 90000 പേര്‍ ബുക്കിങ് നടത്തുന്നുവെന്ന് പറഞ്ഞ കോടതി, ഈ സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ കഴിയുക 76,500 പേര്‍ക്ക് മാത്രമാണെന്നും പറഞ്ഞു. മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.