ദില്ലി: ജമ്മു കശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ മരിച്ചത് സൈനികരുടെ മർദ്ദനത്തെ തുടർന്നെന്ന ആരോണം ഉയർന്നിരുന്നു. വിഷയത്തിൽ കരസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബ്രിഗേഡിയർ റാങ്കിലെ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി. സുരക്ഷ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ള യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് പിന്നാലെ യുവാക്കൾ മരിച്ചത് സൈന്യത്തിന്റെ കസ്റ്റഡി മർദ്ദനത്തിലാണെന്ന ആരോപണം ശക്തമാകുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയടക്കമുള്ളവർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്ന് മാറ്റിക്കൊണ്ട് ബ്രിഗേഡ് കമാൻഡർ തല അന്വേഷണം പ്രഖ്യാപിച്ചത്. കരസേന മേധാവി ജമ്മുകശ്മീരിലെത്തുകയും ചെയ്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടക്കവേ പ്രതിഷേധം വ്യാപിക്കാതിരിക്കാനാണ് നാട്ടുകാർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം കരസേന പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തലുകൾ.
പൂഞ്ചിലെ സുരൻകോട്ടിൽ സൈന്യത്തിന് നേരെ ആക്രമണം നടന്ന മേഖലയിലെ മൂന്ന് നാട്ടുകാരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 4 സൈനികർ ഭീകരരുടെ ആക്രമണതതിൽ വീരമൃത്യു വരിച്ചിരുന്നു. ഇതിനു ശേഷം സൈന്യം കസ്റ്റഡിയിലെടുത്തവരിൽ മൂന്ന് നാട്ടുകാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ വലിയ മർദ്ദനം ഏറ്റതിന്റെ മുറിവുണ്ടായിരുന്നു എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ചില നാട്ടുകാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഈ മേഖലയിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. വിഡിയോയിൽ കാണുന്നവർ കൊല്ലപ്പെട്ടവരിൽ ഉണ്ടെന്ന് ബന്ധുക്കളും ഗ്രാമത്തിലെ സർപഞ്ചും ഒരു മാധ്യമത്തോട് പറഞ്ഞു. വിഷയം തണുപ്പിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ പ്രഖ്യാപിച്ചു.
ബ്രിഗേഡ് കമാൻഡർ തല ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല കരസേന നല്കിയിരിക്കുന്നത്. ഭീകരാക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടതും തുടർന്നുള്ള സംഭവങ്ങളും അന്വേഷിക്കും. അതിനിടെ നാട്ടുകാർ മരിച്ച സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിനിടെ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തിയിട്ടുണ്ട്. രജൗരി, പൂഞ്ച് മേഖലയിലെ സാഹചര്യം കരസേന മേധാവി നേരിട്ടെത്തി വിലയിരുത്തിയിട്ടുണ്ട്.