ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയുമോ ? ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്.

കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച് മണിപ്പൂർ വിജ്ഞാപനമിറക്കി. ഇതിന്റെ നിയമവശം പഠിച്ചു നടപ്പാക്കുകയാണ് ഇന്നത്തെ യോഗത്തിലെ ചർച്ച. പരമാവധി ഇത്ര തുക വരെ എന്നു നിർദ്ദേശിക്കുന്ന 11 വകുപ്പുകൾക്ക് പിഴ തുക കുറയ്ക്കാൻ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെൽമറ്റ് സീറ്റ് ബൽറ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവച്ചു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Top