വൈദ്യുതി പ്രതിസന്ധി;പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള വഴികള്‍ സമിതി ആലോചിക്കും. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും തീരുമാനമുണ്ട്.

കെഎസ്ഇബിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും സമിതി നിര്‍ദേശങ്ങള്‍ നല്‍കും. കുടിശിക പിടിച്ചെടുക്കാനുള്ള നടപടികളും സമിതി കൈക്കൊള്ളും. കുടിശിക ലഭിച്ചാല്‍ തന്നെ പ്രതിസന്ധിക്ക് അയവു വരുമെന്നാണ് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം.

അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനം. അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറുഭാഗത്ത്. ചൂട് കാലത്തു ശരിക്കും ഷോക്കടിച്ച അവസ്ഥയിലാണ് സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവില്‍ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്.

നാലര രൂപക്ക് കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിക്ക് ഇപ്പോള്‍ എട്ടു മുതല്‍ 12 രൂപ വരെയാണ് ചെലവ് വരുന്നത്. കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇങ്ങനെ വാങ്ങുന്ന അധിക വൈദ്യുതിക്ക് പ്രതിദിനം 15 മുതല്‍ 20 കോടി രൂപ വരെ ചിലവാകുന്നുണ്ട്. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടുമെന്നതിനാല്‍ കെഎസ്ഇബിയുടെ ബാധ്യതയും കുത്തനെ വര്‍ധിക്കും. ഇത് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.

Top