തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മീറ്റര്‍ മുതല്‍ 4.5 വരെ ഉയരത്തില്‍ തിരയടിക്കാനാണ് സാധ്യത. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വീട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.
കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ട്. മൂന്ന് ദിവസം കേരള തീരങ്ങളില്‍ ആശങ്ക വിതച്ച ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം ഒഴിഞ്ഞു. ഇനി മണ്‍സൂണ്‍ തുടങ്ങുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.
ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച വടക്കന്‍ ജില്ലകളില്‍ പക്ഷേ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളില്‍ തുടരുകയാണ്. കടല്‍ഭിത്തിയും റോഡും കുടിവെളള പൈപ്പുകളും തകര്‍ന്ന കോഴിക്കോട് അഴീക്കല്‍ പഞ്ചായത്തില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു.
കാസര്‍കോട് ജില്ലയില്‍ പലയിടത്തും നേരിയ തോതില്‍ മഴ തുടരുന്നുണ്ട്. നീലേശ്വരം തൈക്കടപ്പുറം, ചേരങ്കൈ, ഷിറിയ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞു. ജില്ലയില്‍ മഴയിലും കടലാക്രമണത്തിലും 10 വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയിലും നേരിയ തോതില്‍ മഴയുണ്ട്. തലശ്ശേരി താലൂക്കില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച 55 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ തുടരുകയാണ്.
ധര്‍മടം, കതിരൂര്‍, കോടിയേരി, പാനൂര്‍, പെരിങ്ങളം, തൃപ്രങ്ങോട്ടൂര്‍, ബേക്കളം, ചെറുവാഞ്ചേരി പ്രദേശങ്ങളിലാണ് വീടുകള്‍ക്ക് ഏറ്റവുമധികം നാശമുണ്ടായത്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അന്തരീക്ഷം ശാന്തമാണ്. എറണാകുളത്ത് ഇന്നലെ രാത്രിയോടെ മഴ ശമിച്ചു. കടല്‍ക്ഷോഭം കുറഞ്ഞതോടെ ചെല്ലാനത്തെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി.
കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി വരുന്നു. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മീന്‍പിടിക്കുന്നതിനുളള വിലക്കും ബീച്ചുകളിലെ നിയന്ത്രണവും തുടരുകയാണ്.