High tech ATM robbery; Center is Bulgaria says accused

തിരുവനന്തപുരം : എടിഎം മോഷണ സംഘത്തില്‍ അഞ്ച് പേരുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി. 5 ലക്ഷം രൂപയാണ് കവര്‍ന്നതെന്നും തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം ബള്‍ഗേറിയയാണെന്നും ചോദ്യം ചെയ്യലില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഗബ്രിയേല്‍ മൊഴി നല്‍കി.

അതേസമയം എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഗബ്രിയലിന്റെ അറസ്റ്റിനു ശേഷവും പണം പിന്‍വലിക്കല്‍ തുടരുന്നതിനാല്‍ തട്ടിപ്പ് സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ വിളിപ്പേരല്ലാതെ മറ്റുവിവരങ്ങളൊന്നുമറിയില്ലെന്നാണ് ഗബ്രിയേല്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ തുടരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇപ്പോഴും മൂന്നംഗ പോലീസ് സംഘം തുടരുന്നുണ്ട്.

മുംബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. പണം അവസാനമായി പിന്‍വലിച്ച അന്ധേരിക്കടുത്ത് സ്വസ്ഥി വ്യവസായ മേഖലയിലെ എടിഎമ്മിലും പരിസരങ്ങളിലും പരിശോധന നടത്തി.

സംസ്ഥാനത്ത് 50-ലേറെ എടിഎം കാര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ചു പണം തട്ടിയതായും ഗബ്രിയേല്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആല്‍ത്തറയിലെ സ്റ്റേറ്റ് ബാങ്ക് എടിഎം കൂടാതെ മറ്റു ചില എടിഎമ്മുകളിലും സ്‌കിമ്മറുകള്‍ സ്ഥാപിച്ചു രഹസ്യ കോഡ് രേഖകളും പിന്‍നമ്പരും ചോര്‍ത്തി പണം തട്ടിയതായി ചോദ്യം ചെയ്യലില്‍ ഗബ്രിയേല്‍ മരിയന്‍ പറഞ്ഞു.

സംഘത്തില്‍ അതീവ സാങ്കേതിക പരിജ്ഞാനമുള്ളവരുമുണ്ട്. വന്‍ സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

ഗബ്രിയേലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കൂടുതല്‍ തെളിവെടുപ്പിനായി ഗബ്രിയേല്‍ താമസിച്ച ഹോട്ടലുകളിലും കവര്‍ച്ച നടത്തിയ എടിഎം കൌണ്ടറുകളിലും കൊണ്ടുപോകും.

Top