High tech robbery In kerala; 130 crores

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ ഡേറ്റാ ബേസ് ചോര്‍ത്തി ഹാക്കര്‍മാര്‍ കവര്‍ന്നത് 130 കോടി രൂപ. അഞ്ചു പൊതുമേഖലാ ബാങ്കുകളുടെ ഡേറ്റാബേസാണ് ചോര്‍ന്നത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റാ ബേസ് സെര്‍വറില്‍ കടന്നുകയറിയാണ് ഹാക്കര്‍മാര്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. ഉപഭോക്താക്കളുടെ പേരും വിലാസവും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഹാക്ക് ചെയ്യ്തതിന് ശേഷം മാഗ്‌നറ്റിക് എടിഎം കാര്‍ഡുകള്‍ ചിപ്പ് കാര്‍ഡുകളാക്കി പുതുക്കണം എന്നാവശ്യപ്പെട്ട് ഉപഭോക്താക്കളെ സമീപിക്കും.

ബാങ്ക് ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണിലുടെയാണ് ഇവര്‍ കസ്റ്റമറുമായി സംസാരിക്കുക.
വിശ്വാസ്യത നേടിയെടുക്കുന്നതിനായി എടിഎം കാര്‍ഡിന് പിന്നിലെ 16 അക്ക നമ്പര്‍ കൃത്യമായി പറയും.മിനിറ്റുകള്‍ക്കകം ഉപഭോക്താവിന്റെ ഫോണിലേക്ക് ഒടിപി നമ്പര്‍ അഥവാ വണ്‍ ടൈം പാസ്‌വേഡ് എസ്എംഎസ് ആയി അയക്കും. ഈ പാസ്‌വേഡ് ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുക.

ഒരു വര്‍ഷമായി നടന്ന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. ഇത്തരത്തില്‍ 130 കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി. എടിഎം കാര്‍ഡ് നമ്പര്‍ മറ്റാരോടും വെളിപ്പെടുത്തരുത്, ഫോണിലൂടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുത്, ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക, കാര്‍ഡിന്റെ നമ്പര്‍ ആവശ്യപ്പെട്ടാല്‍ ബാങ്കുമായി ബന്ധപ്പെടുക, എടിഎം കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുക, പണം പിന്‍വലിക്കുമ്പോള്‍ മെസേജ് ഉറപ്പാക്കുക, പണം നഷ്ടപ്പെട്ടാല്‍ ബാങ്കുമായി ബന്ധപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

Top