സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്;നാല് ഡിഗ്രി വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണറേറ്റിന്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30വരെയാണ് പുനഃക്രമീകരിച്ചത്.

Top