തിരുവനന്തപുരത്തെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം

Ice Waves

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തിരുവനന്തപുരത്തെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂര്‍, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടലാക്രമണത്തെ തുടര്‍ന്ന് തെക്കേ കൊല്ലംകോടിലെ അതിര്‍ത്തി റോഡ് തകര്‍ന്നു. തമിഴ്‌നാട് അതിര്‍ത്തിയായ നീരോടി റോഡാണ് തകര്‍ന്നത്. ഇതോടെ തീരദേശം വഴിയുള്ള ഗതാഗതം സ്തംഭിച്ചു. റോഡിനു വടക്കുഭാഗത്തുള്ള 38 കടുംബങ്ങളെ പൊഴിയൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലും സെന്റ് മാത്യൂസ് ഹൈസ്‌കൂളിലും മാറ്റി പാര്‍പ്പിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ കടല്‍ഷോഭത്തില്‍ 15-ല്‍പരം വീടുകള്‍ തകര്‍ന്നിരുന്നു. താമസക്കാരെ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തമിഴ്‌നാട് തീരത്ത് പുലിമുട്ട് സ്ഥാപിച്ചതാണ് കേരള തീരത്ത് കടല്‍ കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അഞ്ചുതെങ്ങ് -മുതലപ്പൊഴി മേഖലകളിലും തീവ്രമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Top