കൊച്ചി: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എന്‍.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്.
വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് എന്തുകൊണ്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല. കേസിന്റെ തുടര്‍ നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി വിജിലന്‍സിനോട് ത്വരിത അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ ബാബുവിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.