വീഗാലാന്‍ഡില്‍ യുവാവ് വീണു പരിക്കേറ്റ സംഭവം; അന്വേഷണത്തിന് അമിക്കസ് ക്യൂറി

കൊച്ചി: വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ വെച്ച് വീണു പരിക്കേറ്റയാൾക്ക് മതിയായ നഷ്ട പരിഹാരം നൽകാത്ത സംഭവത്തിൽ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയിരുന്നത്.

ചിറ്റിലപ്പിള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്നാണ് കോടതി പറഞ്ഞത്. എത്ര പണമുണ്ടാക്കിയാലും അതിൽ നിന്ന് തരിപോലും മുകളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നും മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല അത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചെറിയ സഹായങ്ങൾ നൽകി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്കാണോ എന്നും ചിറ്റിലപ്പിള്ളിയോട് കോടതി ചോദിച്ചിരുന്നു.

സ്വന്തം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി ചിറ്റിലപ്പള്ളിയെ പോലെ ഒരാൾക്ക് മനസിലാക്കാൻ കഴിയില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും വിജേഷിന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ചിറ്റിലപ്പള്ളി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2002ലായിരുന്നു വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വർഷങ്ങളായി കിടപ്പിലാണ്.

Top