ജീന്‍പോള്‍ ലാലിന് ആശ്വസിക്കാം ; കേസ് ഹൈക്കോടതി റദ്ദ് ചെയ്തു

കൊച്ചി: യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ നിലനിന്നിരുന്ന കേസ്‌ ഹൈക്കോടതി റദ്ദു ചെയ്തു.

പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.

നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങള്‍ ഒത്തുതീര്‍ക്കാന്‍ സാധിക്കുന്നതല്ലെന്ന് പൊലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

മൂന്നു പരാതികളായിരുന്നു ജീന്‍ പോളിനും നാലുപേര്‍ക്കുമെതിരായ കേസില്‍ നടിക്ക് ഉണ്ടായിരുന്നത്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല. പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ തന്റേതെന്ന നിലയില്‍ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നിവയാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു.

ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും പൊലീസ് ചുണ്ടിക്കാട്ടിയിരുന്നു.

Top