കൊച്ചി: കുട്ടിയെ ദത്ത് കൊടുത്ത കേസില്‍ അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കീഴ്‌കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിന് കോടതി ചോദിച്ചു.
ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി.
അതേസമയം, ദത്ത് നല്‍കിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. അതിനിടെ ദത്ത് നടപടികള്‍ നിയമപരമായിരുന്നുവെന്ന് സി.ഡബ്‌ള്യൂ.സി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.