ടി.പി വധക്കേസ്: കുഞ്ഞനന്തന്റെ തുടര്‍ച്ചയായ പരോള്‍; രമയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന് നിയമ വിരുദ്ധമായി പരോള്‍ അനുവദിച്ചു എന്നുകാട്ടി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അസുഖത്തിന്റെ പേരില്‍ പി കെ കുഞ്ഞനന്തനെ അനധികൃതമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു എന്നും പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് എന്നുമാണ് രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചത്. ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. കേസില്‍ ജയില്‍ സൂപ്രണ്ടിന്റെ മറുപടിയോട് കൂടിയ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുഞ്ഞനന്തന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവുംപരോള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 20 മാസത്തിനുള്ളില്‍ 15 തവണയായി 196 ദിവസമാണ് പരോള്‍ നല്‍കിയത്.

2014 ജനുവരിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ പാനൂര്‍ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Top