രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നും എസ്.എസ്.എൽ.സി പരീക്ഷ നാളെയും ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. എസ്.എസ്.എൽ.സി പരീക്ഷ നാളെയാണ് നടക്കുന്നത്.
2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന തലത്തിലും പ്രാദേശികമായും വിജിലന്‍സ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എസ് എസ് എല്‍ സി പരീക്ഷ നാളെ ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. 2, 962 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 4,27,407 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഇക്കുറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,18,902 പേര്‍ ആണ്‍കുട്ടികളും 2,08,097 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.