ഹൈനസ് CB350-യുടെ വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

ങ്ങളുടെ മോഡലുകളില്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധി നിര്‍മ്മാതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും രംഗത്തെത്തുന്നത്. അടുത്ത മാസം (ഏപ്രില്‍) ഹൈനസ് CB350-യുടെ വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള റെട്രോ ക്ലാസിക് മോഡലാണ് ഹൈനസ് CB350. റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന് 5,000 രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് ഡീലര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം വില വര്‍ദ്ധനവ് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

നിലവില്‍, ബൈക്കിന്റെ പ്രാരംഭ പതിപ്പായ DLX വേരിയന്റിന് 1,86,500 രൂപയും ഉയര്‍ന്ന സ്പെക്ക് DLX പ്രോ വേരിയന്റിന് 1,92,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഏപ്രില്‍ മാസം മുതല്‍ പോര്‍ട്ട്ഫോളിയോയില്‍ വില ഉയര്‍ത്തുന്ന ഹീറോ മോട്ടോകോര്‍പും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 348.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഇത് 20.78 bhp പരമാവധി കരുത്തും 30 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റാണ് ഗിയര്‍ബോക്‌സ്. 19-18 ഇഞ്ച് അലോയ് വീലുകളുടെ കോംബോയാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍.

സുരക്ഷയ്ക്കായി ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റല്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലിപ്പര്‍ ക്ലച്ച് എന്നിവ ബൈക്കിലെ ചില പ്രധാന സവിശേഷതകളാണ്. വിപണിയില്‍ വലിയ സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. 2020 ഒക്ടോബറില്‍ മോട്ടോര്‍ സൈക്കിള്‍ ആദ്യമായി വിപണിയിലെത്തിയതിനു ശേഷം നാളിതുവരെ 10,000-ലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

Top