കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാം

ര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്താമെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹിജാബിന് കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍ ചൂണ്ടി. ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസില്‍ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.

മറ്റു പരീക്ഷകളില്‍ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകര്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭിന്നവിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാന്‍ മൂന്നംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി പ്രാബല്യത്തിലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

Top