ന്യൂഡല്‍ഹി: ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍.
ഹൈക്കോടതി വിധി നിരാശാജനകമാണെന്നും ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നുമായിരുന്നു വിധിക്കെതിരെ ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചത്. വിദ്യാര്‍ത്ഥിനിയായ നിബ നാസിന് വേണ്ടി പ്രത്യേക ലീവ് പെറ്റീഷനാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഹിജാബ് ധരിക്കാനുളള അവകാശം സ്വകാര്യതയുടെ അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും കര്‍ണാടക വിദ്യാഭ്യാസ നിയമത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യവസ്ഥയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ വാദം.
മതസ്വാതന്ത്ര്യവും മനസാക്ഷിയുടെ സ്വാതന്ത്ര്യവും സൃഷ്ടിച്ച ഹൈക്കോടതി വിധിയില്‍ തെറ്റുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. കര്‍ണാടകയിലെ ഉടുപ്പിയില്‍ ഡിസംബര്‍ മാസത്തിലാണ് ഹിജാബ് വിവാദത്തിന്റെ ആരംഭം. ഉടുപ്പി പി.യു കോളേജില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുന്നതിനെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുകയും ചെയ്തതോടെയാണ് ഹിജാബ് വിവാദം രാജ്യമാകെ അലയടിച്ചത്.
ഹിജാബും ഷാളും ധരിച്ച് വരുന്നതിനെ നിരോധിച്ചും യൂണിഫോം ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവിറക്കിയതോടെയാണ് വിവാദം ഹൈക്കോടതിയിലെത്തിയത്.