മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്തു; വനിതാ ബോക്സര്‍ക്ക് ജന്മനാട്ടില്‍ അറസ്റ്റ് വാറന്റ്

പാരിസ്: രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഇറാനിയന്‍ വനിതാ ബോക്സറായ സദഫ് ഖദീം. ഇറാനിലെ ആദ്യ വനിതാ ബോക്‌സറായ സദഫ് ഖദീം തെഹ്റാനില്‍ ഫിറ്റ്‌നെസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. 24 കാരിയായ സദഫ് മത്സരവേദിയില്‍ ഇസ്ലാമിക നിയമമനുസരിച്ച് വസ്ത്രധാരണം നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ രാജ്യം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

സദഫ് പറയുന്നതിങ്ങനെ ” ഫ്രാന്‍സില്‍ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് ഞാന്‍ മത്സരിച്ചത്. പക്ഷേ ഷോര്‍ട്ട്‌സും ടീഷര്‍ട്ടും ധരിച്ചാണ് ഞാന്‍ മല്‍സരിച്ചത്. ലോകത്തിന്റെ കണ്ണില്‍ ആ വസ്ത്രധാരണത്തിന് ഒരു കുഴപ്പവുമില്ല. മല്‍സരവേദിയില്‍ ഞാന്‍ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകന്‍ ഒരു പുരുഷനാണ് ഇതൊക്കെയാണ് ചിലരുടെ പ്രശ്‌നമെന്നും ” സദഫ് പറയുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ തന്നെ ബോക്‌സിംഗ് ഫെഡറേഷന്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. സദഫ് ഇറാന്റെ രജിസ്റ്റേര്‍ഡ് ബോക്‌സിംഗ് താരമല്ലെന്നാണ് ഇറാന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ മേധാവിയായ ഹൊസൈന്‍ സൂരി പറയുന്നത്. അതുകൊണ്ടുതന്നെ ഫെഡറേഷന്റെ കണ്ണില്‍ അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീര്‍ത്തും സ്വകാര്യമാണെന്നും ഇവര്‍ പറയുന്നു.

Top