ദില്ലി: ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രത്യേക ബെഞ്ച് പിന്നീട് ഹര്‍ജികളിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു ഹർജി ഫെബ്രുവരിയിൽ ഫയൽ ചെയ്തതാണെന്നാണ് അശ്വനി ഉപാധ്യായ ചൂണ്ടിക്കാട്ടിയത്.
മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാണ് ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ഹർജികൾ മാർച്ചിൽ കോടതിയിൽ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പെണകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.