ഹിജാബ് വിവാദം; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണിചെയ്താല്‍ മതിയെന്ന് കെപിഎ മജീദ്

തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് രംഗത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്ന് കെ പി. എ മജീദ് അഭിപ്രായപ്പെട്ടു. മതം പറയാന്‍ ഇവിടെ പണ്ഡിതന്‍മാരുണ്ട്. മതാചാരങ്ങള്‍ പാലിക്കാത്ത, മത വിശ്വാസിയല്ലാത്ത ഗവര്‍ണര്‍ മതനിയമങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

ഫേസ്ബുക്കിലാണ് കെ പി എ മജീദിന്റെ വിമര്‍ശനം. മതേതര കേരളത്തെ വര്‍ഗീയമായി തരം തിരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരെ നടന്ന കാമ്പയിനില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിലപാട് എടുത്ത ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും കെ പി എ മജീദ് വ്യക്തമാക്കി.

കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി. മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല.

സംഘ്പരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനു മുമ്പും കേരള ഗവര്‍ണറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കര്‍ണാകട സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെയും വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു ഗവര്‍ണറും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ് ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സംഘ്പരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരായ കാമ്പയിനില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരുന്ന് കൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ഗവര്‍ണര്‍ അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.

 

Top