കോഴിക്കോട്: കോളേജില്‍ പര്‍ദ്ദ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അധിക്ഷേപത്തിനിരയായത്.
കോളജ് ഓഡിറ്റോറിയത്തിലെ പരിപാടിയില്‍ മുഖം തുറന്നിട്ട പര്‍ദ ധരിച്ചെത്തയതിനാണ് വിദ്യാര്‍ത്ഥിനി അധിക്ഷേപത്തിനിരയായത്. പര്‍ദ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പല്‍ കോളജ് ഉണ്ടാക്കിയവരുടെ ശാപം ഉണ്ടാവുമെന്നും തന്നെ രക്ഷിതാക്കള്‍ക്ക് വിവാഹം ചെയ്തയച്ചുകൂടെയെന്നും ആക്ഷേപിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അധിക്ഷേപമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം, അധിക്ഷേപിച്ചില്ലെന്നും കോളേജ് നിയമത്തിന് വിരുദ്ധമായതിനാല്‍ പര്‍ദ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
പ്രിന്‍സിപ്പലിന്റെ നിലപാടില്‍ പ്രതിഷേധവുമായി എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത രംഗത്തെത്തി.
അതേസമയം, പര്‍ദ ധരിച്ച് കാമ്പസില്‍ വരുന്നത് കോളജിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നീത പറഞ്ഞു. ഫറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ചര്‍ച്ചയായിരിക്കെയാണ് പ്രൊവിഡന്‍സ് കോളജിലും അധികൃതരുടെ അമിതാധികാര പ്രയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.