ഹിജാബ് ഇന്ത്യയുടെ ആഭ്യന്തര വിഷയം, പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ആഗോള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം.

ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകള്‍ വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹിജാബ് വിഷയത്തില്‍ അമേരിക്കയും പാക്കിസ്ഥാനും പ്രതികരിച്ചിരുന്നു.

മുസ്ലീം പെണ്‍കുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുന്നുവെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നുമായിരുന്നു പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രതികരണം.

സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നു എന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു. ഇതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും ഉള്ളില്‍ നിന്നു കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും.

ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇന്ത്യയെ അറിയുന്നവര്‍ക്ക് സാധിക്കുമെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Top