തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് 2022 മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിക്കും. നിരക്ക് പുതുക്കുന്നതിനായുള്ള കരട് മാനദണ്ഡങ്ങള്‍ കമ്മിഷന്‍ തയ്യാറാക്കി തുടങ്ങി. അടുത്ത മാസം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ശമ്പളം, വൈദ്യുതിബോര്‍ഡ് വായ്പ, ഉല്‍പ്പാദന ചിലവ് തുടങ്ങി 180 ഓളം ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിരക്ക് പുതുക്കി നിശ്ചയിക്കുക. നിലവിലെ വൈദ്യുതി നിരക്കിന് അടുത്ത മാര്‍ച്ച് 31 വരെയാണ് പ്രാബല്യം ഉള്ളത്. 2018 ലായിരുന്നു നാലുവര്‍ഷത്തെ നിരക്ക് പ്രഖ്യാപിച്ചത്. നാലുവര്‍ഷവും നിരക്കില്‍ മാറ്റം ഉണ്ടായിരുന്നില്ല.
കരട് മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ജില്ലകളില്‍ കമ്മിഷന്‍ പരിശോധന നടത്തും. തുടര്‍ന്ന് അടുത്ത 5 വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ട് താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിക്കും. താരിഫ് പെറ്റീഷന്‍ ലഭിച്ചാൽ ഉടൻ ജില്ലാ തലത്തില്‍ അതുമായി ബന്ധപ്പെട്ട് ഹിയറിങ് നടത്തും. വൈദ്യുതി ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ കൂടി പരിഗണിച്ചാകും നിരക്ക് തീരുമാനിക്കുക.
അതേസമയം, മറ്റ് സംസ്ഥാനത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് ഏകദേശം 3,300 മെഗാവാട്ട് ദീര്‍ഘകാല കരാറുകള്‍ ബോര്‍ഡ് ഒപ്പുവച്ചിട്ടുണ്ട്. ഉയര്‍ന്ന നിരക്കിലുള്ള കരാറിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് കരാറുകാര്‍ക്ക് റെഗുലേറ്ററി കമ്മിഷന്‍ ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ല.