വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നുണ്ടെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍.
തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്നാണ് ആരോപണം.
യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായതു മുതലാണ് റഷ്യയുടെ ഇടപെടല്‍ തുടങ്ങിയതെന്നും ഇത്തരമൊരനുഭവം യു.എസ് ചരിത്രത്തില്‍ ആദ്യമായാണെന്നും ഹിലരി മാധ്യമങ്ങളോടു പറഞ്ഞു. പ്രചരണത്തിനായുള്ള സ്വകാര്യവിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഹിലരി
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ച ട്രംപ് ഹിലരിയുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദത്തില്‍ റഷ്യ ഇടപെടണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് വിവാദമായപ്പോള്‍ തമാശയായിരുന്നെന്ന് പറഞ്ഞൊഴിയുകയായിരുന്നു.
റഷ്യന്‍ പ്രസിഡന്റുമായി വളരെ നേരത്തേ സഖ്യം പ്രഖ്യാപിച്ച ട്രംപിനെ ഏകാധിപതികളുടെ ആരാധകന്‍ എന്നാണ് ഹിലരി വിശേഷിപ്പിച്ചത്. റഷ്യയുടെ ഇടപെടലിനെക്കുറിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഒരുപോലെ ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഹിലരി പറഞ്ഞു.