Hillary Clinton clinches Democratic presidential nomination

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഹിലരി ക്ലിന്റന്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അസോസിയേറ്റ് പ്രസ് നടത്തിയ സര്‍വെയിലാണ് ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തമാക്കുന്നത്.

ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാര്‍ത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്റന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂജഴ്‌സിയിലെ ഇന്നത്തെ പ്രൈമറികള്‍ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്‌സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റികോയില്‍ നടന്ന പ്രൈമറിയില്‍ 30 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടിയിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിയുടെ മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സിന് 1569 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പിന്നിലാണെങ്കിലും ജൂണ്‍ 14ലെ കൊളംബിയ പ്രൈമറിയിലും മത്സരിക്കുമെന്ന് സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നതോടെ ചരിത്രത്തിലാദ്യമായി യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന വനിതയാകും ഹിലരി.

Top