വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥികളില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രമ്പിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് മത്സരാര്‍ത്ഥി ഹിലരി ക്ലിന്റന്‍ രംഗത്ത്.
രാജ്യത്ത് ഐഎസിന്റെ ഏറ്റവും വലിയ റിക്രൂട്ടറായി മാറാനുള്ള ശ്രമമാണ് ഡൊണാള്‍ഡ് ട്രമ്പിന്റേതെന്ന് ഹിലരി ക്ലിന്റന്‍ പരിഹസിച്ചു. ഡൊണാള്‍ഡ് ട്രമ്പ് മുസ്ലീങ്ങളെ അധിക്ഷേപിയ്ക്കുന്ന പ്രസംഗത്തിന്റെ വീഡിയോ കൂടുതല്‍ പേരെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ ഐഎസ് ഉപയോഗപ്പെടുത്തുമെന്നും ഹിലരി കുറ്റപ്പെടുത്തി.
മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കരുതെന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഭീതിയും വെറുപ്പും പ്രചരിപ്പിയ്ക്കുക അമേരിക്കന്‍ താല്‍പര്യമല്ലെന്ന് ഹിലരി അഭിപ്രായപ്പെട്ടു.
പാശ്ചാത്യലോകം ഇസ്ലാമോഫോബിയയുടെ പിടിയിലാണെന്നും ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണെന്നുമാണ് ഇത്തരം പ്രസ്താവനകള്‍ തെറ്റായ രീതിയില്‍ സന്ദേശം നല്‍കുക. ഇത് ഭീകരവാദികള്‍ക്ക് വളരാന്‍ അവസരമൊരുക്കും. ഭീകരവാദത്തെ അമേരിക്കയിലെ മുസ്ലീം സമൂഹം ശക്തമായി എതിര്‍ക്കുന്നുണ്ടെന്ന് ഹിലരി അഭിപ്രായപ്പെട്ടു.
വീമ്പും വര്‍ഗീയതയും വിളമ്പുന്നതിലും ആളുകളെ ഇളക്കി വിടുന്നതിലും ട്രമ്പ് മിടുക്കനാണെന്നും ഹിലരി പരിഹസിച്ചു. അമേരിക്കയിലെ മുസ്ലീങ്ങള്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. മുസ്ലീം സമുദായത്തെ ഭീകര സത്വമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചിത്രീകരിയ്ക്കുകയാണെന്ന് ഹിലരി ക്ലിന്റന്‍ കുറ്റപ്പെടുത്തി.
മറ്റ് ഡെമോക്രാറ്റിക് മത്സരാര്‍ത്ഥികളായ മാര്‍ട്ടിന്‍.ഒ.മാല്ലിയും ബേണി സാന്റേഴ്‌സും ട്രമ്പിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്നതല്ല, ഏകോപിപ്പിയ്ക്കുന്ന പ്രസ്താവനകളാണ് ഉണ്ടാവേണ്ടതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. അതേ സമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് . ഡബ്ല്യു.ബിഷിനെ ഹിലരി ക്ലിന്റ്ന്‍ പ്രശംസിച്ചത് ശ്രദ്ധേയമായി. ബുഷ് മുസ്ലീം സമൂഹത്തെ വിശ്വാസത്തിലെടുത്തിരുന്നുവെന്ന് ഹിലരി അഭിപ്രായപ്പെട്ടു.