പ്രാഗ്: ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്‌സില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ പതിനെട്ടു ദിവസങ്ങള്‍ക്കിടെ അത്‌ലറ്റ് ഹിമാ ദാസ് സ്വന്തമാക്കിയത് അഞ്ചു സ്വര്‍ണം. 400 മീറ്ററില്‍ 52.09 സെക്കന്റിലാണ് ഹിമ ഫിനിഷ് ചെയ്തത്. ഈ സീസണിലെ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിക്കുന്നത്.
ജൂലൈ രണ്ടിന് പോളണ്ടിലെ പോസ്‌നന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിയില്‍ 200 മീറ്ററില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു. 23.65 സെക്കന്റിലാണ് ഹിമ ഫിനിഷ് ചെയ്തത്. ജൂലൈ 9ന് പോളണ്ടിലെ തന്നെ കുട്‌നോ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററില്‍ ഹിമ സ്വര്‍ണം നേടി, 23.97 സെക്കന്റില്‍.
ജൂലൈ 13ന് ചെക്ക് റിപ്പബ്ലിക്കിലെ ക്ലാഡ്‌നോ അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്ററിലും സ്വര്‍ണ വേട്ട തുടര്‍ന്നു. 23.43 സെക്കന്റിലായിരുന്നു ഫിനിഷിങ്. ഇതിനു പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ തന്നെ ടാബോര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്ററിലും സ്വര്‍ണം കൊയ്തതോടെ ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ നാലാം അന്താരാഷ്ട്ര സ്വര്‍ണമെന്ന നേട്ടമാണ് ഹിമാ ദാസിനെ തേടിയെത്തിയത്. 3.25 സെക്കന്റ് ആയിരുന്നു ഫിനിഷിങ്.