ഹിമ ദാസിനെ അപമാനിച്ച് ട്വീറ്റ് ; മാപ്പു പറഞ്ഞ് അത്‌ലറ്റിക് ഫെഡറേഷന്‍

Hima-das

ന്യൂഡല്‍ഹി: ലോക അണ്ടര്‍-20 അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ ഹിമ ദാസിനെ അപമാനിച്ചതില്‍ മാപ്പു പറഞ്ഞ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍. സ്വര്‍ണം നേടിയതിന് ശേഷം ഹിമയെ അഭിനന്ദിച്ച് ചെയ്ത ട്വീറ്റില്‍ മാധ്യമങ്ങളോട് സംസാരിച്ച ഹിമയുടെ ഇംഗ്ലീഷ് ഭാഷയ്ക്ക് ഒഴുക്കില്ലായിരുന്നു എന്ന അനാവശ്യ പരമാര്‍ശം ഫെഡറേഷന്‍ നടത്തിയിരുന്നു.

ട്വീറ്റ് വിവാദമായതോടെ ക്ഷമാപണവുമായി ഫെഡറേഷന്‍ രംഗത്തെത്തി. തങ്ങളുടെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും, ഏതൊരു സന്ദര്‍ഭത്തിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള ഹിമയുടെ കഴിവാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ചെറിയൊരു ഗ്രാമത്തില്‍ നിന്നും വന്ന ഹിമ യാതൊതു ശങ്കയുമില്ലാതെയാണ് വിദേശ മാധ്യമങ്ങളോട് സംസാരിച്ചത്. മന:പൂര്‍വമല്ലാതെ പറ്റിയ തെറ്റിന് മാപ്പു ചോദിക്കുന്നു’- ഫെഡറേഷന്‍ കുറിച്ചു.

ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് ഹിമ സ്വന്തമാക്കിയത്. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഹിമയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ ഫര്‍ഹാന്‍ അക്തര്‍ എന്നിവരുള്‍പ്പടെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്.

എന്നാല്‍ അതിനിടയിലാണ് ഹിമയുടെ നേട്ടത്തെ വിസ്മരിച്ച് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തെിയത്.

ഹിമയുടെ നേട്ടം കാണാതെ ഫെഡറേഷന്റെ അപക്വമായ നടപടിയില്‍ പ്രതിഷധം ശക്തമായതോടെ ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചിരുന്നു.

അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. അന്ന് അണ്ടര്‍20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു.

Top