ഹിമാചലിലെ ബിജെപി എംപി ഡൽഹിയിൽ മരിച്ച നിലയിൽ

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബിജെപി എംപി രാം സ്വരൂപ് ശര്‍മയെ(62) ഡല്‍ഹിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്വന്തം മുറിയില്‍ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് ശര്‍മയുടെ അസിസ്റ്റന്റ ആണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. ‘അകത്തുനിന്നു പൂട്ടിയ മുറിയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല’ – പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഇന്നു രാവിലെ കൂടാനിരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദാക്കി. മാന്‍ഡി മണ്ഡലത്തില്‍നിന്ന് 2014ലും 2019ലും ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് ശര്‍മ.

 

Top