കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന് ഹിമാചൽ മുഖ്യമന്ത്രി; തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് ബിജെപി

ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍. ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു ആരോപിച്ചു. ഹരിയാനയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പൊലീസിന്റേയും സിആര്‍പിഎഫിന്റേയും അകമ്പടിയോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ടിങ് നടത്തി എന്ന സൂചനകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.

അതിനിടെ ഹിമാചല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനു അഭിഷേക് സിങ് വി തോറ്റെന്ന് പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ അവകാശപ്പെട്ടു. ഹിമാചലില്‍ ബിജെപി വിജയം ആഘോഷിച്ചു.

പുതിയ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. വ്യാഴാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണുള്ളത്.

Top