ഷിംല: അയോധ്യ ക്ഷേത്ര നിർമ്മാണം ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ട് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.
ഗുജറാത്തിന് പിന്നാലെയാണ് രാമക്ഷേത്ര നിർമ്മാണം ഹിമാചൽ പ്രദേശിലും ബിജെപി പ്രചാരണത്തിന്റെ ആയുധമാക്കിയിരിക്കുന്നത്. കാര്യമായി വിമത ഭീഷണി നേരിടുന്ന മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ മണ്ഡലം അടങ്ങുന്ന മണ്ടി ജില്ലയിലെ സുന്ദർനഗറിലായിരുന്നു മോദിയുടെ റാലി. കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു പ്രസംഗം. ഹിമാചലിനോടുള്ള കരുതല്‍ തുടരാന്‍ സർക്കാറുകളെ ഓരോ തെരഞ്ഞെടുപ്പിലും മാറ്റുന്ന ശീലം തടസമാണെന്നും മോദി പറഞ്ഞു.
നാല്‍പത് വർഷം ഭരിച്ചവർ നടപ്പാക്കാത്ത കാര്യങ്ങൾ വെറും അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ നടപ്പാക്കിയെന്ന് മോദി പ്രസംഗിച്ചു. കോൺഗ്രസിന്റെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും മോദി ഓർമ്മിപ്പിച്ചു. അതേസമയം ഉദ്യോഗാർത്ഥികൾക്കും കർഷകർക്കും വമ്പന്‍ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി, ആപ്പിളുകൾക്ക് തരംതിരിച്ച് താങ്ങുവില, പഴയ പെൻഷന്‍ പദ്ധതി പുനസ്ഥാപിക്കല്‍, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ ആവർത്തിക്കുന്നു. ബിജെപിയും നാളെ പ്രകടന പത്രിക പുറത്തിറക്കും.